Monday, December 17, 2012

ദൈവജ്ഞ ലക്ഷണം

ദൈവജ്ഞ ലക്ഷണം

ജ്യോതിഷന്‍ (ദൈവജ്ഞന്‍) എത്ര പണ്ഡിതനായാലും പ്രശ്നം എത്ര ലളിതമായാലും അഹംഭാവത്തോടു കൂടി അത് കൈകാര്യം ചെയ്യരുത്.

ദൈവജ്ഞനില്‍ വിനയവും ഗുരുത്വവും ഈശ്വര വിശ്വാസവും ഇല്ലെങ്കില്‍ എത്ര ലളിതമായ പ്രശ്ന ക്രിയയും പരാജയത്തില്‍ കലാശിക്കുകയേ ഉള്ളു.

ദൈവജ്ഞന്‍ ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ദൈവജ്ഞ ലക്ഷണങ്ങളെ ആത്മസാത്കരിക്കാന്‍ നിരന്തരം യത്നിക്കണം.

ദൈവജ്ഞന്‍ ജ്യോതിശാസ്ത്രത്തില്‍ പണ്ഡിതനും കണക്കില്‍ സമര്‍ത്ഥനും സത് സ്വഭാവം ഉള്ളവനും സത്യം പറയുന്നവനും വിനയവാനും വേദം പഠിച്ചവനും സൂര്യാദിഗ്രഹങ്ങളെ സംബന്ധിച്ച യാഗാദി കര്‍മ്മങ്ങളില്‍ സമര്‍ത്ഥനും ആയിരിക്കണം.

ദൈവജ്ഞന്‍ പല ഹോരാശാസ്ത്രഗ്രന്ഥങ്ങളുടേയും തത്ത്വം അറിയാവുന്നവനായിരിക്കണം. പ്രസിദ്ധങ്ങളായ 5 ജ്യോതിഷ ഗണിത ശാഖകള്‍ പഠിച്ചവനായിരിക്കണം. ഗ്രഹ സ്ഥിതിയെ അടിസ്ഥാനമാക്കി ഫലങ്ങള്‍ ഊഹിച്ചു പറയാന്‍ കഴിവുള്ളവനായിരിക്കണം. ഏതെങ്കിലും മന്ത്രസിദ്ധി വരുത്തിയവനായിരിക്കണം.

ജ്യോതിഷന്‍ നല്ല കുടുംബത്തില്‍ ജനിച്ചവനും ആളുകള്‍ക്ക് പ്രിയപ്പെട്ടവനും ലളിതമായ വേഷം ധരിയ്ക്കുന്നവനും സത്യം പറയുന്നവനും മറ്റുള്ളവരോട് അസൂയ തോന്നാത്തവനും സമമായും നല്ലപോലെ ഉറച്ചുയോജിച്ചതായും ഉള്ള ശരീരത്തോട് കൂടിയവനും അംഗവൈകല്യം ഇല്ലാത്തവനും മനോഹരങ്ങളായ കൈകള്‍ കാലുകള്‍ നഖങ്ങള്‍ കണ്ണുകള്‍ താടി പല്ലുകള്‍ ചെവികള്‍ നെറ്റി പുരികങ്ങള്‍ ഇവ ഉള്ളവനും നല്ല ശരീരം ഉള്ളവനും ഗാംഭീരവും ഉദാത്തവും മുഴക്കവുമുള്ള ശബ്ദം ഉള്ളവനും ആയിരിക്കണം.

ശുചിത്വം ഉള്ളവന്‍, സമര്‍ത്ഥന്‍, പ്രഗല്ഭന്‍, നല്ല വാക് ശക്തിയുള്ളവന്‍, പ്രതിഭാശാലി, ദേശകാലങ്ങള്‍ അറിയാവുന്നവന്‍, സത്ത്വഗുണം ഉള്ളവന്‍, പൊതുസഭകളില്‍ പരിഭ്രമിക്കാത്തവന്‍, , സഹപാഠികളെക്കൊണ്ട് തോല്പിക്കപ്പെടാന്‍ കഴിയാത്തവന്‍, പ്രവര്‍ത്തന സാമര്‍ത്ഥ്യം ഉള്ളവന്‍, ദുശീലങ്ങള്‍ ഇല്ലാത്തവന്‍, ഗ്രഹശാന്തി കര്‍മ്മങ്ങള്‍ അറിയാവുന്നവന്‍, ജാതകന് സുഖം, സന്തോഷം, ധനം, ആയുസ്സ്, ഐശ്വര്യം, പദവി, യശസ്സ് തുടങ്ങിയവ ലഭിക്കാനുള്ള പൌഷ്ടിക ക്രിയകള്‍ചെയ്യാന്‍ അറിയുന്നവന്‍, സ്നാന വിധികള്‍ അറിയാവുന്നവന്‍, സ്നാനവിധികളിലും വ്രതോപവാസാദികളിലും താല്പര്യം ഉള്ളവന്‍, സ്വന്തം പാണ്ഡിത്യം കൊണ്ട് ആളുകളെ ആശ്ചര്യ ഭരിതരാക്കാനും സ്വാധീനിക്കാനും കഴിയുന്നവന്‍, ഗ്രഹഗണിതം ഹോര സംഹിത എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചവന്‍, മേല്‍പറഞ്ഞവയാണ് ജ്യോതിഷന് (ദൈവജ്ഞന്) ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.

മുകളില്‍ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ നേടിയിട്ടുള്ള ദൈവജ്ഞന്‍ പ്രശ്ന കര്‍ത്താവിന്‍റെ ശുഭാശുഭങ്ങളെപ്പറ്റി പറയുന്ന വാക്ക് ഒരിക്കലും മിഥ്യയാവുകയില്ല
Sources:http://planetjyothisham.blogspot.in/

No comments:

Post a Comment