കോലം തുള്ളന്‍
“”””””””””””””””””””””””
പ്രശസ്തമായ പുതപ്പറമ്പ് ശ്രീഭഗവതി
ക്ഷേത്രത്തിലെ “ കോലം ” തുള്ളന്‍
ഈവര്‍ഷം 2014ഫെബ്രുവരി28 മുതല്‍ മാര്‍ച്ച്6വരെ
------------------------------------------
പടയണിക്കുമുമ്പായി തന്റെ മക്കളുടെ സുഖവും ദുഃഖവുമെല്ലാം നേരില് കണ്ടറിയാന് ദേവി ഊരുചുറ്റാന് (ദേശവലത്ത്) ഇറങ്ങുമെന്നാണ് സങ്കല്പം., വെളിച്ചപ്പാടിലുടെ തന്റെ കരയിലുള്ള വീടുകളോരോന്നും സന്ദര്ശിച്ച് ദിവസങ്ങള് കഴിഞ്ഞാണ് ദേവി ക്ഷേത്രലേക്ക് തിരിച്ചെഴുന്നള്ളുക. പിന്നീട് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിലുടെ ദേവി തന്റെ അരുളപ്പാടുകള് കരക്കാരോട് വെട്ടിതുറന്ന് പറയുന്നു.. അമ്മയുടെ നിര്ദ്ദേശങ്ങളെല്ലാം കേട്ടറിഞ്ഞ് പ്രസാദവുമായി തങ്ങളുടെ കുടികളിലേക്ക് തിരിച്ചുപോകുന്ന കരക്കാര്, പിന്നീട് അമ്മയെ സന്തോഷിപ്പിക്കാനായി ഒറ്റക്കെട്ടായി ക്ഷേത്ര മുറ്റത്ത് എത്തുന്നു. ഭഗവതിയുടെ ശ്രീകോവിലില് നിന്നും പൂജാരി കൈമാറുന്ന ജ്വലിക്കുന്ന ചൂട്ടില് നിന്നും പടയണിക്ക് തുടക്കമാവുന്നു. വാമൊഴിയായി തലമുറകള് കൈമാറിവന്ന പടയണിപാട്ടുകള്ക്ക് അകമ്പടിയാവുന്നത് തപ്പ് എന്ന അസുരവാദ്യമാണ്. പ്ലാവിന്റെ തടികൊണ്ട് ചെത്തിയുണ്ടാക്കിയ വളയത്തിന്മേല് കന്നുകാലിയുടെ തോല് പൊതിഞ്ഞ്, മറുവശം പൊള്ളയായി വെയ്ക്കുന്ന ഉപകരണമാണ് തപ്പ്.. നിലത്തിരുന്ന് വലതുകാല് നീട്ടിവെച്ച് ഇടതുകാല് മടക്കി, വലതുകാല്മുട്ടിന്റെയും ഇടതുകാല്പെരുവിരലിന്റെയും സഹായത്തോടെ ഉറപ്പിച്ച് നിറുത്തിയാണ്, സാധാരണായായി തപ്പ് മേളം നടത്തുന്നത്. കലാവിരുതോടെ ചെത്തിമിനുക്കിയെടുത്ത കമുകിന് പാളകളില്, കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളിലുള്ള ചായങ്ങള്കൊണ്ടാണ് വിവിധ തരത്തിലുള്ള കോലങ്ങള് വരയ്ക്കുന്നത്. പ്രകൃതിയില് നിന്നും ലഭിക്കുന്ന മാവില, മഞ്ഞള്, ചെങ്കല്ല്, കരി മുതലായ വസ്തുക്കള് ഉപയോഗിച്ചാണ് ചായങ്ങള് തയ്യാറാക്കുന്നത്. പടയണിയില് കെട്ടിയാടുന്ന കോലങ്ങള് അനവധിയാണ്. പിശാച്, മറുത, മാടന്, പക്ഷി, യക്ഷി എന്നിവ ചെറുകോലങ്ങളും, കാലയക്ഷി, രക്തചാമുണ്ഡി, കാലന് തുടങ്ങിയവ ഇടത്തരം കോലങ്ങളുമാണ്.
പതിനാറാം പിറന്നാള്‍ ദിനത്തില്‍, കാലന് കടന്നുവരുന്ന മാര്ക്കണ്ഡേയന് എന്ന ബാലന്റെ ജീവിതകഥ ഇതിവൃത്തമാക്കിയ കാലന്‍ കോലം ഏറെ ആകര്ഷകമാണ്. എന്നാല്‍ പടയണി കോലങ്ങളില്‍ ഏറ്റവും വലുത് ഭൈരവി കോലമാണ്. ത്രികോണാകൃതിയിലുള്ള ഈ കോലത്തില് അമ്പത്തൊന്ന് പാളകള് വരെ ഉപയോഗിക്കാറുണ്ട്. പിന്നീട് ഭഗവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസം എന്ന് കരക്കാര് വിശ്വസിക്കുന്ന ഭരണി ദിവസംവല്ല്യപടയണിയോടെ ചടങ്ങുകള്ക്ക് സമാപ്തിയാവും. മംഗളകോലം തുള്ളുന്നത് കാവിലമ്മയോട് സകലതെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞ് കാത്തുരക്ഷിക്കാന് പ്രാര്ത്ഥിച്ചുകൊണ്ട് കരക്കാര് പിരിഞ്ഞുപോകുന്നു.
ഐതിഹ്യം
*********
പഴമയുടെ പടയണി (കോലം) ചുവടുകള് തേടി
ഇരുട്ടിനെ കീഴ്പ്പെടുത്തുന്ന വെളിച്ചത്തിന്റെ പ്രതീകമായ പടയണി, ഭദ്രകാളിയെ ആരാധിക്കാനായുള്ള ഒരു അനുഷ്ഠാനകലയാണ്.. പടയണിയുടെ പിറവിക്ക് പിന്നിലെ ഐതിഹ്യം ഏറെ കൗതുകമുണര്ത്തുന്ന ഒന്നാണ്. കഠിന തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ദാരികന് എന്ന അസുരന് മൃത്യുഞ്ജയമന്ത്രം വശത്താക്കുന്നു. ദാരികന് യുദ്ധത്തിലേര്പ്പെട്ടിരിക്കുന്ന നേരത്ത് ദാരികന്റെ പത്നി മൃത്യുഞ്ജയഹോമം ഉരുവിട്ടുകൊണ്ടിരുന്നാല് എതിരാളിക്ക് വിജയിക്കാനാവില്ല എന്നതായിരുന്നു ബ്രഹ്മാവിന്റെ വരം. ഏതൊരു അസുരന്റെയും കഥയില് ഉള്ളതുപോലെതന്നെ, വരം നേടിയതിനുശേഷം ദാരികന് തന്റെ വിളയാട്ടം തുടങ്ങുന്നു. ദാരികന്റെ ദുഷ്ചെയ്തികളെ കുറിച്ചറിഞ്ഞ് കോപാകുലനായ പരമശിവന് തന്റെ മൂന്നാം കണ്ണ് തുറക്കുകയും, ചിതറിവീണ അഗ്നിയില് നിന്നും കാളി ജന്മം കൊള്ളുകയും ചെയ്തു. മൃത്യുഞ്ജയ മന്ത്രത്തിന്റെ ശക്തികാരണം ദാരികനുമായി നടന്ന ഘോരയുദ്ധത്തില് കാളിക്ക് വിജയം നേടാനായില്ല. ദാരികന്റെ ഭാര്യ ഈ മന്ത്രം മറ്റൊരാള്ക്ക് ചൊല്ലിക്കൊടുത്താല് അതിന്റെ ശക്തി നശിക്കും എന്നു മനസ്സിലാക്കിയ പാര്വ്വതി ദേവി, ബ്രാഹ്മണസ്ത്രീയുടെ വേഷത്തില് ദാരികന്റെ ഭാര്യയുടെ അടുത്തെത്തുകയും പരിചാരികയായി നടിച്ച് മന്ത്രം വശത്താക്കുകയും ചെയ്തു. ഇതോടെ മന്ത്രത്തിന്റെ ശക്തി നശിക്കുകയും ഉഗ്രസ്വരൂപിണിയായ കാളി, ദാരികന്റെ തല അറുക്കുകയും ചെയ്തു. ദാരികനെ വധിച്ചതിനു ശേഷവും ഭദ്രകാളിയുടെ കലി അടങ്ങാത്തതിനാല്, അതിന്റെ ഭവിഷ്യത്തുകളെ ഓര്ത്ത് സര്വ്വലോകത്തും ആകുലതയായി. കാളിയുടെ കോപവും രക്തദാഹവും ശമിപ്പിക്കാനുള്ള വഴികള് ശിവനും ഭൂതഗണങ്ങളും ചേര്ന്ന് ആലോചിച്ചു. ഒടുവില് അതീവ കൗതുകമേറിയതും സര്ഗ്ഗാത്മകവുമായ ഒരടവ് അവര് പ്രയോഗിച്ചു. മഞ്ഞള്, കരിക്കട്ട, പച്ചിലച്ചാറ് തുടങ്ങിയവയാല് ഉണ്ടാക്കിയ ചായക്കൂട്ടുകള്കൊണ്ട്, കമുകിന് പാളകളില് പലതരം രൂപങ്ങളുണ്ടാക്കി കാളിയുടെ മുന്നില് ഭൂതഗണങ്ങള് തുള്ളാന് തുടങ്ങി. വാദ്യമേളങ്ങളും ഹാസ്യസംവാദങ്ങളും അകമ്പടിയായി. ഒടുവില് തന്റെ രൂപം, കളം വരച്ചുവച്ചത് കണ്ടപ്പോള് കാളി പൊട്ടിച്ചിരിച്ചുപോയത്രെ. അങ്ങനെ സര്ഗ്ഗാത്മകതകൊണ്ട് കാളിയുടെ കോപം ശമിപ്പിച്ച കൗതുകമേറിയ ഐതിഹ്യവുമായാണ് പടയണി അരങ്ങേറുന്നത്.
*********
പ്രകൃതിയോട് ഇഴചേര്ന്ന് നിന്നുകൊണ്ട്, മനുഷ്യനും ദൈവത്തിനുമിടയില് ഇടനിലക്കാരില്ലാത്ത ആരാധനാക്രമം നിലനിന്നിരുന്ന കാലത്തെ, നമുക്ക് പടയണിയിലൂടെ അനുഭവിച്ചറിയാനാവും. കൊയ്ത്തിനും വിത്തിറക്കലിനുമിടയിലുള്ള സമയത്താണ് പണ്ടുമുതല്ക്കേ പടയണി നടക്കാറുള്ളത്. കാലവര്ഷത്തിന്റെ ചതിയില്പെടാതെ, നല്ലൊരു വിളവ് ലഭിക്കാനുള്ള പ്രതീക്ഷയും പ്രാര്ത്ഥനയും പടയണിയില് അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലെ പാട്ടും വാദ്യമേളങ്ങളും മറ്റു ബഹളങ്ങളും വന്യമൃഗങ്ങളെ കൃഷിയിടങ്ങളില് നിന്നും അകറ്റിനിര്ത്തുമെന്നും, തീചൂട്ടുകളും പന്തങ്ങളും സൃഷ്ടിക്കുന്ന ചൂടും പുകയും അണുക്കളെയും കീടങ്ങളെയും അകറ്റുമെന്നും, അന്നത്തെ കാര്ഷിക സമൂഹം വിശ്വസിച്ചിരുന്നത്രെ. നല്ല വിളവിനായുള്ള പ്രാര്ത്ഥനയ്ക്കൊപ്പംതന്നെ, വസൂരി പോലുള്ള പകര്ച്ചവ്യാധികളില് നിന്നും മറ്റ് അപകടങ്ങളില് നിന്നുമുള്ള രക്ഷയ്ക്കായും, സന്താനലാഭം തുടങ്ങിയ ഇഷ്ടസിദ്ധികള്ക്കായും, അകാലമരണമടഞ്ഞവരുടെ പ്രേതാത്മാക്കളെ അകറ്റുന്നതിനായും അവയുടെ നിത്യശാന്തിക്കായും, മനസ്സിലെ മറ്റ് ഭയങ്ങള് ഇല്ലാതാക്കുന്നതിനായും ഒക്കെയുള്ള നിരവധി സാമൂഹ്യാധിഷ്ഠിതവും വ്യക്ത്യാധിഷ്ഠിതവുമായ പ്രാര്ത്ഥനകള് പടയണിയില് ഉള്ക്കൊള്ളുന്നുണ്ട്.
. ഒരു ഗ്രാമത്തിലെ മുഴുവന് ജനങ്ങളുടെയും സുരക്ഷക്കും ഐശ്വര്യത്തിനും വേണ്ടി നടത്തപ്പെടുന്ന അനുഷ്ഠാനമായതിനാല്, പടയണിയില് എല്ലാ സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ''നാനാജാതികളുടെ കൂട്ടായ കഠിനാദ്ധ്വാനത്തിലാണ് പടയണി നിലനിന്നതും വളര്ന്നതും.. ''തപ്പു പൊതിയാനുള്ള തോല് ഒരുക്കേണ്ടത് പറയനും, കോലത്തിനാവശ്യമായ പാളയും ചൂട്ടും കുരുത്തോലയും എടുക്കേണ്ടത് തണ്ടാനും, കോലമെഴുതുകയും പൂപ്പടയ്ക്കിരിക്കുകയും മാരാന്പാട്ട് പാടുകയും ചെയ്യേണ്ടത് ഗണകനും, കോലം കെട്ടാനുള്ള ചട്ടം ഒരുക്കേണ്ടത് തച്ചനും, വെളിച്ചത്തിനു വേണ്ട ചൂട്ടു കത്തിച്ചുപിടിക്കേണ്ടത് കുറവനും, ഭഗവതിയുടെ ഉടയാടക്കാവശ്യമായ തുണിയലക്കേണ്ടത് പതിയാനും, തീവെട്ടിയും പന്തവുമൊരുക്കി എണ്ണ കോരേണ്ടത് മാരാനുമാണ്..''. അങ്ങനെ കരവാസികളായ എല്ലാ വിഭാഗം ജനങ്ങളുടെ കഠിനാദ്ധ്വാനം പടയണിക്ക് ഒരു ഗ്രാമമൊന്നാകെ പടയണിയില് അണിചേരുന്നു
. പ്രേതബാധയൊഴിപ്പിക്കാന് കോലങ്ങളിട്ട തുള്ളലുകാരുടെ നടുവിലിരുത്തിക്കൊണ്ട്, പ്രാചീനകാലത്ത് ഗണകസമുദായത്തിലെ തീണ്ടാകണിയന്മാര് എന്ന വിഭാഗം അനുഷ്ഠിച്ചിരുന്ന കോലംതുള്ളലില് നിന്നാണ് പടയണി ഉത്ഭവിച്ചതെന്നൊരു വാദമുണ്ട്. പക്ഷെ 'പട' എന്ന വാക്കിന് കൂട്ടം അല്ലെങ്കില് നിവേദ്യം എന്നും, 'അണി'ക്ക് അലങ്കാരം അഥവാ ആഭരണം എന്നും അര്ത്ഥമുള്ളത് കൊണ്ട്, 'പടയണി'ക്ക് യുദ്ധവിന്യാസം എന്ന അര്ത്ഥം മാത്രമായിരിക്കണം എന്ന് നിര്ബന്ധമില്ല. പടനായകരുടെ കായികാഭ്യാസങ്ങളോടും പടനീക്കങ്ങളോടും കളരിമുറകളോടും ഏറെ സാദൃശ്യമുണ്ടെങ്കിലും, പടയണിയുടെ അടിസ്ഥാനപരമായ രൂപവും ഭാവവും, ആദിമ കേരളീയജനതയുടെ ജീവിതത്തിലേയും സംസ്ക്കാരത്തിലേയുമാണെന്നതില് പണ്ഡിതര്ക്ക് തര്ക്കമില്ല. ഒരുപക്ഷെ ഈ ഭൂമിമലയാളത്തിലെ ഏറ്റവും പ്രചീനമായ കലാരൂപവും ഇതുതന്നെ ആയിരുന്നിരിക്കണം. പാട്ട്, നൃത്തം, ചിത്രകല, അഭിനയം, ആക്ഷേപഹാസ്യം തുടങ്ങി 64 കലകളുടെ സമ്മേളനമാണ് പടയണിയില് അരങ്ങേറുന്നത് എന്നു പറയുമ്പോള്, അത് കേരളീയ സാംസ്കാരികമണ്ഡലത്തിന് അതിശയകരമാംവിധം അഭിമാനിക്കാന് വക നല്കുന്ന ഒന്നാണല്ലോ.... തീണ്ടലും തൊട്ടുകൂടായ്മയുമൊന്നുമില്ലാത്ത സമത്വസുന്ദരമായ ആ പ്രാചീന നാട്ടുജീവിതത്തിന്റെ ഉജ്ജ്വല കലാരൂപം, കാലാന്തരത്തില് ഏറെ പരിക്കുകളോടെയാണെങ്കിലും തലമുറകള് കൈമാറി, ഈ 21-ാം നൂറ്റാണ്ടിലും മണ്മറയാതെ ചുവടുവെയ്ക്കുന്നു എന്നത് പഴമയെ സ്നേഹിക്കുന്നവെര ആവേശം കൊള്ളിക്കുന്ന വസ്തുതയാണ്. അതുപോലെ തന്നെ, കടുത്ത യുക്തിവാദികളുടെപോലും മനസ്സ് കീഴ്പ്പെടുത്തുന്നതാണ് പടയണിയിലെ ഐതീഹ്യം നല്കുന്ന സന്ദേശം - എത്രവലിയ കോപത്തെയും തണുപ്പിക്കാന്‍ കലകള്‍ക്കാവും എന്ന പരമമായ സത്യം...
കടപ്പാട് : അനൂപ് .G
അന്നദാനം മഹാദാനം
No comments:
Post a Comment