Monday, December 29, 2014

ആചാര്യപിന്‍ബലം അനിവാര്യം

ആചാര്യപിന്‍ബലം അനിവാര്യം



എന്തുകിട്ടും എന്നതിനേക്കാളുമുപരി ചെയ്തില്ലെങ്കില്‍ എന്ത്‌ നഷ്ടപ്പെടും എന്ന്‌ പഠിപ്പിക്കുക. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം കാണിച്ചിട്ടുള്ള ഒരു സംസ്കൃതിയുടെ പിന്‍മുറക്കാരാണ്‌ നമ്മള്‍. ഭാരത സംസ്കാരം ഭാരതം എന്നൊക്കെ പറയുമ്പോള്‍ ആനന്ദിക്കുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്ന ഒരു സംസ്കൃതിയാണ്‌. ഈ രാഷ്ട്രവും ഈ സംസ്കൃതിയും നിലനിന്നത്‌ സമൂഹത്തിന്റെ ആചാരശുദ്ധികൊണ്ടും ശാസ്ത്രനിഷ്ഠകൊണ്ടുമൊക്കെയാണ്‌. ഇവിടെ സമൂഹത്തിന്റെ ശാസ്ത്രനിഷ്ഠ എന്നുപറയുമ്പോള്‍ സമൂഹം മൊത്തത്തില്‍ ശാസ്ത്രബോധമുള്ളവരായിരുന്നു എന്നു പറഞ്ഞതിന്‌ അര്‍ത്ഥമില്ല. പക്ഷേ, ആചാര്യശുദ്ധിയുണ്ടായിരുന്നു. ശാസ്ത്രത്തെ അറിഞ്ഞ ആചാര്യന്മാര്‍ അവര്‍ ബോധിപ്പിക്കുന്നതിനനുസരിച്ച്‌ ആചരണം ചെയ്ത്‌ പുലര്‍ത്തുന്ന ഒരു സമൂഹം നിലനിന്നതായിരുന്നു ഭാരതത്തിന്റെ ആ ഭാരതത്വത്തിന്‌ ഹേതു. അതാണ്‌ വാസ്തവത്തില്‍ നമ്മുടെ സംസ്കാരം നിലനിര്‍ത്തിയത്‌. അപ്പോള്‍ അതില്‍ പ്രധാനമായിട്ടുള്ളതായ ഈ ആചരണങ്ങളില്‍ ഓരോന്നും എത്ര ചെറുതാണെന്ന്‌ നമുക്ക്‌ ബാഹ്യദൃഷ്ടിയില്‍ തോന്നിക്കോട്ടെ. ഈ സമാജത്തെ നിലനിര്‍ത്തുന്നതിന്‌ അതിന്റേതായ പങ്ക്‌ അത്‌ വഹിച്ചിട്ടുണ്ട്‌. അതൊന്നും ചെയ്യാതെ നമ്മള്‍ പോകുന്ന സമയത്ത്‌ ‘ചെയ്തില്ലെങ്കില്‍ എന്താ’ എന്നുള്ള നിലയ്ക്ക്‌ ചെയ്യാതിരുന്നാല്‍ നമ്മുടെ സാമാജിക വ്യവസ്ഥയും ധര്‍മത്തിന്റെ വ്യവസ്ഥയുമെല്ലാം കുത്തഴിഞ്ഞ്‌ ഒന്നുമില്ലാതെ ശിഥിലമായിപ്പോകും. അപ്പോള്‍ ചെയ്തുള്ള ഗുണമല്ല ചിന്തിക്കേണ്ടത്‌. നിത്യകര്‍മങ്ങള്‍ അങ്ങനെയാണ്‌. ചെയ്തില്ലെങ്കിലുള്ള ദോഷമാണ്‌ ചിന്തിക്കേണ്ടത്‌. ഇവിടെ മൊത്തം വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്‌ ഇത്തരം ആചരണങ്ങളാണ്‌. നമ്മുടെ വളര്‍ന്നുവരുന്ന മക്കള്‍ സംസ്കാരത്തോടുകൂടി വളര്‍ന്നുവരണം. അവര്‍ക്ക്‌ ചില ആചാര്യന്മാരുടെ പിന്‍ബലം ഉണ്ടായിരിക്കണം.

No comments:

Post a Comment