മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ് ശബരിമലയാത്രയ്‌ക്കുവേണ്ടത്. പക്ഷം എന്നാല്‍ പതിനാലു
ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം
ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി
ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍
മാലധരിക്കണം. ഇതിന് മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു
പറയുന്നതാണ് ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍
അയ്യപ്പരൂപവും (ലോക്കറ്റ്) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ
മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട് നേടേണ്ട ഫലം) ഉണ്ടത്രെ!
ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക്
പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും
താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട് കൊണ്ടുളള
മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ് വിവക്ഷ. രുദ്രാക്ഷമാലയുടെ
ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല
ധരിക്കുന്നതിന് ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും
അതിവിശേഷമാണ്. ക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന് ദക്ഷിണ നല്‍കി
നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ് വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും
ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം.
മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും
ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും
ഭഗവാനാണെന്ന് സങ്കല്‍പ്പിച്ച് ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ
ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം.
യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള
പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ് ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം
നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച് 9 അംഗുലം
നീളത്തില്‍ ശരണമയ്യപ്പായെന്ന് ഉളളിലേക്ക് ശ്വാസമെടുക്കണം.
ഈ ശരണംവിളി
ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍,
രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്
പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്
വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ
ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി
ഹൃദയംകൊണ്ട് വേണം എന്നതാണ്
ആചാര്യവിധി.വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി
പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം.
അലക്ഷ്യമായി ഇടരുത്.
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക്
കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത്
അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ
ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത്
നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍
കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം.
കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍
തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ
സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.
പായസനിവേദ്യം,
ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം,
നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം
ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി
സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍
ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ.
സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.