Sunday, September 01, 2013

ഗായത്രീമന്ത്രം



" ഓം ഭുഃ ഭുവഃ സ്വഃ തത്
സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹീ
ധിയോ യോനഃ പ്രചോദയാത് "



ഗായത്രി മന്ത്രം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്

ഓം ഭൂര്‍ ഭുവ : സ്വ:

തത് സവിതുര്‍ വരേണ്യം

ഭര്‍ഗോദേവസ്യ ധീമഹി

ധീയോയോന: പ്രചോദയാത്

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - ചൈതന്യം

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു

ധിയോ യോ ന - ബുദ്ധിയെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

ഗായ.ത്രീമാഹാത്മ്യ


ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. ത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.

ഗായത്രീമന്ത്രം ജപിക്കുന്ന രീതി

വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ " പത്ത് " എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ " കരമാല " സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.)

ഗായത്രീ സ്ഥാനം.

ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)

മന്ത്രസാരാര്‍ത്ഥം

മന്ത്രത്തിലെ "ഭുഃ"എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ - പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം