ഉത്സവം എന്നാലെന്ത് ? അറിയാമോ ...
അറിയില്ലെങ്കില്‍ അറിയുക ...ദേവചൈതന്യം സമ്പുഷ്ടമായി നിലനില്‍ക്കുന്ന ഒരു ക്ഷേത്രത്തില്‍ അശ്രദ്ധ, അറിവില്ലായ്മ, മറ്റുതരത്തിലുള്ള തെറ്റുകുറ്റങ്ങള്‍, പാകപ്പിഴകള്‍ തുടങ്ങിയവയാല്‍ ചൈതന്യലോപം സംഭവിക്കാം. ഇതു പരിഹരിക്കുവാനായി ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ചടങ്ങാണ് തിരുവുത്സവം. ക്ഷേത്രത്തെ ഒരു സാധകനായി സങ്കല്‍പിച്ചാല്‍, ആ സാധകന്‍ നടത്തുന്ന നിത്യമന്ത്രസാധനയാണ് ദേവന്റെ നിത്യപൂജയെന്നു പറയാം. ആ നിത്യ പൂജാവിധാനം വിസ്തരിച്ചു നടത്തുകയാണ് ഉത്സവകാലത്തു ചെയ്യുന്നത്. ശീവേലി ശ്രീഭൂതബലിയായും പിന്നെ ഉത്സവബലിയായും മാറുന്നു. ക്ഷേത്രദേവന്റെ ഗുരുസ്ഥാനം വഹിക്കുന്ന തന്ത്രി തന്നെ ഉത്സവകാലത്തെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതുമൂലം നഷ്ടപ്പെടുന്ന ദേവചൈതന്യത്തിന് വര്‍ദ്ധനവുണ്ടാകുന്നു.
അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുവിധത്തിലുള്ള ഉത്സവങ്ങളാണുള്ളത്. ശുദ്ധിക്രിയകള്‍ക്കുശേഷം മുളയിട്ട് കൊടിയേറി നടത്തുന്നത് അങ്കുരാദിയും, ശുദ്ധക്രിയകളും മുളയീടല്‍ തുടങ്ങിയവയും കൂടാതെ കൊടിയേറി നടത്തുന്നത് ധ്വജാദിയും, കൊട്ടിപ്പുറപ്പാടും എഴുന്നള്ളത്തുകളുമായി നടത്തുന്നത് പടഹാദിയും. നിത്യനവകമില്ലാത്ത ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് നവകമുണ്ടായിരിക്കും. അങ്കുരാദി ഉത്സവത്തിന് മൂന്നുനേരം മുളപൂജയുമുണ്ടാകും. അങ്കുരാദിയായാലും ധ്വജാദിയായാലും ശ്രീഭൂതബലിയും വാദ്യമേളങ്ങളോടുകൂടിയ എഴുന്നള്ളത്തും പതിവാണ്. ദേവന്റെ പരിവാരങ്ങള്‍ക്കും പാര്‍ഷദന്‍മാര്‍ക്കും ദാസന്മാര്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും വിശേഷമന്ത്രങ്ങളോടുകൂടി തൂകുന്ന ബലിയാണ് ശ്രീഭൂതബലി. അതുകൊണ്ടുതന്നെ വളരെ വിസ്തരിച്ച് ജല, ഗന്ധ, പുഷ്പ, ദീപങ്ങളോടെ പ്രതേ്യകമായി പൂജിച്ച ഹവിസ്സുകൊണ്ട് തൂകുമ്പോള്‍ ഉത്സവബലിയാകുന്നു. ഇതു ദര്‍ശനപ്രധാനമായ ഒരു ചടങ്ങാണ്. ക്ഷേത്രമാകുന്ന പ്രപഞ്ചമണ്ഡപത്തില്‍ സംക്രമിച്ചിരിക്കുന്ന ദേവചെതന്യത്തിന് നാമരൂപങ്ങള്‍ നല്‍കി ആരാധിക്കുന്നതാണ് ഉത്സവബലി. രാവിലെയും വൈകിട്ടുംകൂടി ഉത്സവബലി നടത്തുവാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഒരുനേരം ഉത്സവബലിയും ഒരുനേരം ശ്രീഭൂതബലിയുമായി നടത്തുന്നത് തിരുവുത്സവകാലത്ത് ക്ഷേത്രമാകുന്ന സാധകന്‍ നടത്തുന്ന തപസ്സായി ഉത്സവബലിയോടുകൂടിയുള്ള പൂജകളെ കണക്കാക്കാം.
ദേവചൈതന്യം ക്ഷേത്രമതില്‍ക്കെട്ടില്‍നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാന്‍ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവന്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവന്‍ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയില്‍ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവന്‍ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കര്‍മ്മാദികളോടുകൂടി ദേവന്‍ ആറാടുമ്പോള്‍ അതോടൊപ്പം ആറാട്ടു തീര്‍ത്ഥത്തില്‍ര്‍ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു. ”സമാധിസ്ഥനായ ദേവന്റെ സഹസ്രാരപത്മത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതത്തില്‍ സര്‍വ്വാംഗം അപ്ലാവനം ചെയ്യുന്ന യോഗവിഭൂതിയാണ് ആറാട്ട്”. ഗ്രാമദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനും ഉത്സവകാലത്തു ദേശത്തേക്കു വ്യാപിക്കുന്ന ദേവചൈതന്യത്തിന്റെ അംശം സ്വീകരിക്കുന്നതിനും ഒടുവില്‍ ദേവന്റെ ആറാട്ടോടൊപ്പം അമൃതപ്രവാഹത്തില്‍ സ്‌നാനം ചെയ്തു പുണ്യം നേടുന്നതിനും വേണ്ടിയാണ് കൊടികയറിക്കഴിഞ്ഞാല്‍ ആരും ആ ദേശം വിട്ടുപോകരുത് എന്നു പറയുന്നത്. ആറാട്ടുകഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കുന്നു. അതിനുശേഷം നടക്കുന്ന ആറാട്ടുകലശത്തോടുകൂടി ഉത്സവം സമാപിക്കുന്നു.
കടപ്പാട് - ഡോ. കെ. ബാലകൃഷ്ണവാര്യര്‍(ജന്മഭൂമി )
No comments:
Post a Comment