Saturday, November 29, 2014

ധർമ്മം - അധർമ്മം

ധർമ്മം - അധർമ്മം 

വേണ്ടത്‌ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അഥവാ ജ്ഞാനം





ഇന്ന്‌ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ധർമ്മം ഏത്‌ അധർമ്മം ഏത്‌ എന്ന്‌ തിരിച്ചറിയാന്‍ പാടില്ലാത്തതിനാലുള്ള കുഴപ്പമാണ്‌. ധർമ്മത്തിനും അധർമ്മത്തിനും കാലത്തിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവായി അറിയേണ്ട ധര്‍മങ്ങളും മറ്റും എല്ലാവരും അനുഷ്ഠിക്കേണ്ടതായുണ്ട്‌. മുമ്പു കാലത്ത്‌ സന്ധ്യാവന്ദനവും നാമജപവും എല്ലാ വീട്ടിലും നിര്‍ബന്ധമായും അനുഷ്ഠിച്ചിരുന്നു. അതിന്‌ മുടക്കം വരുന്നതിനെ കുറിച്ചോ സന്ധ്യക്ക്‌ വിളക്കു വയ്ക്കാന്‍ മുടങ്ങുന്നതിനെ കുറിച്ചോ ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ എന്ന നിലപാടായിരുന്നു. അന്നൊക്കെ സ്ത്രീകള്‍ എവിടെ പോയാലും സന്ധ്യക്ക്‌ വിളക്കു കൊളുത്താനായി ഓടി വീട്ടിലെത്തുമായിരുന്നു. ഇന്ന്‌ പാതിരാത്രിയിലും സ്ത്രീകള്‍ ഇറങ്ങി നടക്കുകയും ജോലിക്കു പോകുകയും ആപത്തുകള്‍ പിണയുകയും ചെയ്യുന്നതു കാണുമ്പോള്‍ ഈ ചിട്ടകളുടെയും ചട്ടങ്ങളുടെയും പ്രസക്തി ഓര്‍ത്തു പോകുന്നു. സ്ത്രീകള്‍ സന്ധ്യക്കു മുമ്പ്‌ വീട്ടില്‍ സുരക്ഷിതരായി മടങ്ങി എത്തണം എന്ന ബുദ്ധിപൂര്‍വമുള്ള വിചിന്തനം അന്നത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍വിധിയോടെ ചിന്തിച്ചു നടപ്പിലാക്കിയതല്ലേ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്‌.




ഏതു നല്ല കാര്യത്തിനിറങ്ങി തിരിക്കുമ്പോഴും ദേവനെ വണങ്ങണം, മുത്തച്ഛനെയും മുത്തശ്ശിയെയും തൊഴുത്‌ അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. അവരുടെയെല്ലാം വാത്സല്യവും അനുഗ്രഹവും കുട്ടികളില്‍ എത്രമാത്രം ആത്മധൈര്യവും സന്തോഷവും പകരുമെന്നതും അത്‌ അവരുടെ മാനസികാരോഗ്യത്തെ എത്ര സ്വാധീനിക്കുമെന്നതും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച്‌ വിജയശ്രീലാളിതരായി വരാന്‍ അവരെ സഹായിക്കും എന്നൊക്കെ ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു.




ആധുനിക ലോകത്തിന്‌ നഷ്ടമായിരിക്കുന്നതും ഈ സ്നേഹവും സുരക്ഷിതത്വബോധവുമാണ്‌. അവിശ്വാസം ഇന്ന്‌ സമൂഹത്തിന്റെ അന്തര്‍ധാരയായി മാറിക്കൊണ്ടിരിക്കുന്നുവെന്നത്‌ ഭീതിയോടെ നോക്കി കാണേണ്ടുന്ന വസ്തുതയാണ്‌. അനുഗ്രഹം ചൊരിയേണ്ട അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടെത്താന്‍ അനാഥാലയത്തിലോ ഓള്‍ഡ്‌ഏജ്‌ ഹോമിലോ പോകേണ്ട ഗതികേട്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകാതിരിക്കാന്‍ എല്ലാ ദമ്പതികളും ഓര്‍ക്കണം. സ്വാര്‍ഥത കൊണ്ട്‌ നാം ബന്ധങ്ങളെ മറക്കരുത്‌.




സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്‌. അതു പോലെ സ്ത്രീകളും സ്വഭാവഗുണമുള്ളവരാകാനും ശ്രദ്ധിക്കണം. സമൂഹത്തിന്റെ സംസ്കാരത്തിനും ഉയര്‍ച്ചയ്ക്കും ഇത്‌ അനിവാര്യമാണ്‌.




അരക്ഷിതാവസ്ഥയാണ്‌ സ്ത്രീയെ പലപ്പോഴും അപഥസഞ്ചാരത്തിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ കാണാം. സംരക്ഷിക്കാന്‍ അച്ഛനോ സഹോദരനോ ഭര്‍ത്താവോ മകനോ ഉള്ള സ്ത്രീ തെറ്റായ രീതിയില്‍ നീങ്ങാനുള്ള പ്രവണത കുറവാണ്‌. അതു പോലെ സ്ത്രീക്ക്‌ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. സ്വത്തുക്കളില്‍ പൂര്‍ണ അവകാശവും ചെലവിന്‌ പണവും ഉള്ള സ്ത്രീക്ക്‌ മാനസിക സംതൃപ്തി ഉണ്ടായിരിക്കും. എന്തു ത്യാഗം സഹിച്ചും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും നോക്കേണ്ട കടമ സ്ത്രീക്കുമുണ്ട്‌. സമൂഹം കെട്ടിപ്പെടുക്കാന്‍ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ സ്ത്രീയുടെ പങ്ക്‌ വിലമതിക്കാനാകാത്തതാണ്‌.

No comments:

Post a Comment