നാമജപം
കലിയുഗത്തില്‍ ഏറ്റവും ഫലപ്രദം നാമജപം
ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കുവാന്‍ പ്രസായമാണ്. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു. ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ഏതൊ ക്കെ നാമങ്ങളാണ് എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായി ബ്രഹ്മാവ് പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.
‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’
ഇതാണ് ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ് സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത് സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട് സിദ്ധിക്കുന്നു എന്നാണ് ബ്രഹ്മാവ് അരുളിചെയ്തത്. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന് അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ് ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്. ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ് ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ് നാമജപം.
No comments:
Post a Comment