Saturday, November 29, 2014

ക്ഷേത്രത്തിലെ പൂജകളും അടിയന്തിരങ്ങളും

ക്ഷേത്രത്തിലെ പൂജകളും അടിയന്തിരങ്ങളും





ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ക്ഷേത്രവും ചൈതന്യ സമ്പൂര്‍ണമാകുന്നത് മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമതര്‍പ്പാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്‍മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രതിഷ്ഠ നടത്തുമ്പോഴാണ്. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്‍മാര്‍ തന്റെ ആത്മചൈതന്യത്തെ ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ് ക്ഷേത്രവും വിഗ്രഹവും ചൈതന്യവും പൂര്‍ണമാകുന്നത്.




കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തുന്നത്. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷണത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷപൂജ, എതൃത്ത്പൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. 




ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷങ്ങളോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചുതളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തു മണിയടിച്ചു നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണു ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു. വിഗ്രഹത്തില്‍നിന്നും ഇവ മാറ്റുന്നതിന് മുമ്പു നടത്തുന്ന ദര്‍ശനത്തിനു നിര്‍മ്മാല്യദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിനു മുമ്പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നതാണ് നിര്‍മ്മാല്യദര്‍ശനം. 




നിര്‍മ്മാല്യം മാറ്റിയതിനുശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്ത്പൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങു നടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യ നവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെയാണ് ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നംവരെയുള്ള പൂജകള്‍ സമാപിക്കുന്നു.




വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റുദിവസങ്ങളില്‍ സന്ധ്യക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരുദിവസത്തെ പൂജാക്രമത്തിനു പരിസമാപ്തി കുറിക്കുന്നു.




ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്‌പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദനീയമല്ലാ. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍നിന്നും വിലക്കി നിര്‍ത്താറുണ്ട്. ഉദാഹരണത്തിന് നിവേദ്യസമയത്ത് ദര്‍ശനത്തിനു വിലക്കു കല്‍പ്പിച്ചിരിക്കുന്നതു നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന് മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ് ഈ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇതു മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്. ഇവയാണ് ആട്ടവിശേഷങ്ങള്‍.

No comments:

Post a Comment