Saturday, November 29, 2014

ധ്യാനത്തിന്‍റെ ഫലം

ധ്യാനത്തിന്‍റെ ഫലം

സങ്കല്‍പ്പത്തിലുള്ള വ്യക്തിയെയല്ല, യഥാര്‍ത്ഥത്തിലുള്ള സ്വന്തം രൂപത്തെ തിരിച്ചറിയാന്‍ ധ്യാനത്തിലൂടെ കഴിയും. നിങ്ങളില്‍ നിശബ്ദയുണ്ട്‌. നിങ്ങളുടെ സങ്കല്‍പ്പവ്യക്തി നിശബ്ദതയില്ലാത്ത ബഹളം നിറഞ്ഞയാളാണ്‌. കുറവുകളുള്ള സങ്കല്‍പവ്യക്തി നിറഞ്ഞ ഒരാളില്‍ നിന്ന്‌ വ്യത്യസ്തനാണ്‌. മനസ്സിനുള്ളിലെ നിശബ്ദത ഒരിക്കല്‍ അനുഭവിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഹിമാലയകെടുമുടിയില്‍ എത്തിയെന്ന്‌ പറയാം.ഹിമാലയപര്‍വ്വതത്തിലെ നിശബ്ദതയെ മറ്റ്‌ പര്‍വ്വതങ്ങളിലെ നിശബ്ദതയുമായി താരതമ്യം ചെയ്തു നോക്കൂ. ഹിമാലയത്തിലെ നിശബ്ദത വ്യത്യസ്തമാണ്‌. കാരണം അത്‌ പരിശുദ്ധമാണ്‌. അതില്‍ സംഗീതം നിറഞ്ഞിരിക്കുന്നു. കാരണം പറയാം. മഹാന്മാരായ സന്യാസിമാര്‍ അവിടെയിരുന്ന്‌ തപസ്സുചെയ്തിട്ടുണ്ട്‌. അവരുടെ ഉള്ളിലെ ശാന്തി പുറത്തേക്കൊഴുകിയതാണ്‌ഹ്ള
മനസ്സിനകത്തെ നിശബ്ദത കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ രാത്രിയും പകല്‍ പോലെയാകും. എല്ലാത്തിനും എല്ലായ്പ്പോഴും വ്യക്തതയുണ്ടാകും. നിങ്ങളുടെ മരണം ജീവിതമാകും. നിങ്ങളുടെ സങ്കടങ്ങള്‍ സന്തോഷമാകും. വേദനിപ്പിക്കുന്നതാണെന്ന്‌ നിങ്ങള്‍ കരുതിയവയൊക്കെ സന്തോഷിപ്പിക്കുന്നതായി മാറും.നിശബ്ദതയുടെ അനുഭവം അഹംഭാവത്തെ അലിയിച്ചുകളയും. അഹംഭാവം തടവറകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അബോധമനസ്സും തടവറകള്‍ സൃഷ്ടിക്കുന്നു. ധ്യാനത്തിന്റെ പരിണതഫലമാണ്‌ ഈ തടവറയില്‍ നിന്നുള്ള മോചനം. അപ്പോള്‍ ഈശ്വരന്‍ ഒരു സങ്കല്‍പമല്ല, ഒരനുഭവമായി മാറുന്നു.അതിനായി സ്വയം യോഗ്യതയുള്ളവരാക്കുകയും തയ്യാറെടുക്കുകയും വേണം. ഈശ്വരന്‍ വരുന്നത്‌ പല വഴികളിലൂടെയായിരിക്കും. മനസ്സ്‌ ശബ്ദമുഖരിതവും അസ്വസ്ഥവുമാണെങ്കില്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ കേള്‍ക്കാന്‍ കഴിയുകയില്ല. ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങള്‍ സ്വയം അലിഞ്ഞുപോകും. നദി സമുദ്രത്തില്‍ ലയിക്കുതുപോലേയാണിത്‌. ഈശ്വരന്‍ നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്‌ മുട്ടിവിളിക്കുന്നത്‌ കാറ്റിന്റെ രൂപത്തിലാകാം, പക്ഷികളിലൂടെയാകാം, നമുക്കറിയാത്ത പല വഴികളിലൂടെയുമാകാം.
അറിയാത്ത എന്തും ഭയമായി മാറാം. അവസരങ്ങള്‍ വരുമ്പോള്‍ ഭയം ഇല്ലാതാകുന്നു. തിരച്ചിലിന്‌ ശേഷം വേണ്ടത്‌ കണ്ടെത്തണം. ഇതിനായി സ്വയം സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന വിദ്യ നിങ്ങള്‍ക്കറിയാമെങ്കില്‍ സന്തോഷം നേടാന്‍ സാധിക്കും. സമര്‍പ്പണമല്ലാതെ മറ്റൊന്നും തൃപ്തിപ്പെടുത്തുകയില്ല.
സ്വന്തം കാര്യങ്ങളെയും പ്രതീക്ഷകളെയും ഉപേക്ഷിക്കുകയാണ്‌ സമര്‍പ്പിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. യാഥാര്‍ത്ഥ്യം നിങ്ങളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ഈ പ്രതീക്ഷകള്‍ ഒരു തടസ്സമായി ഭവിക്കാം. ഈശ്വരന്റെ പ്രവേശനത്തിനായി സ്വന്തം സാന്നിധ്യമൊരുക്കുകയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന.

No comments:

Post a Comment