Monday, December 29, 2014

വേദങ്ങളും പുരാണങ്ങളും

വേദങ്ങളും പുരാണങ്ങളും


സനാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക്‌ മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന്‌ പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്‌. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാശൈലി കണ്ട്‌ ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത്‌ ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭടന്മാരായും സങ്കല്‍പിച്ചു. എന്തുകൊണ്ടാണ്‌ സത്ത ഉള്‍ക്കെള്ളാന്‍ നമുക്ക്‌ കഴിയാതെ പോയതെന്ന്‌ നാം ചിന്തിക്കണം.
വേദം ഈശ്വരീയ വാണിയാണ്‌. ആ ഈശ്വരീയ വാണിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുണമെന്ന്‌ മനു പറയുന്നുണ്ട്‌. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വിഗ്രഹാരാധകരെ നാസ്തികരെന്ന്‌ പറയേണ്ടിവരും. കാരണം ‘ന തസ്യപ്രതിമാ അസ്തി’ എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ്‌ ഇവര്‍.
ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക്‌ വിഷയമായ ദേവതകള്‍ എന്താണ്‌? ഈ രൂപകല്‍പനയ്ക്കും പുരാണപ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ?
വേദങ്ങള്‍ സാധാരണക്കാരന്‌ പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമാ മാറിയ ഒരു കാലഘട്ടം മുതലാണ്‌ വിഗ്രഹാരാധന പോലുള്ള ചൂഷണങ്ങള്‍ ഉണ്ടായത്‌. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്‌ വേദം. വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്‍പം, വ്യാകരണം നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നീ ആറ്‌ അംഗങ്ങളും സാഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ്‌ ഉപാംഗങ്ങളും പഠിക്കണം. 
സൃഷ്ടിയുടെ ആദ്യത്തില്‍ ഋഷിമാരുടെ ഋക്ക്‌, യജുസ്സ്‌, സാമം, അഥര്‍വ്വം എന്നീ വേദങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അവരാകട്ടെ ഇത്‌ ബ്രഹ്മാഋഷിയെ പഠിപ്പിച്ചു. ആ ഋഷിപരമ്പരയിലൂടെ ഇന്നും വേദം നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ കൂടപ്പിറപ്പായ അഹങ്കാരവും അലംഭാവവും നിമിത്തം ആദികാലത്ത്‌ വെള്ളം എന്നുച്ചരിച്ചാല്‍ മലയാളിക്ക്‌ അര്‍ത്ഥം മനസ്സിലാകുന്നതുപോലെ ഓരോ വൈദിക സംജ്ഞയും അന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകാതെയായി. അതില്‍ പിന്നീട്‌ ന്രത്തെ പറഞ്ഞ ആറ്‌ അംഗങ്ങളും ആറ്‌ ഉപാംഗങ്ങളും പഠിച്ചേ വേദാര്‍ത്ഥം മനസ്സിലാകൂവെന്ന്‌ വന്നു. അവ പഠിക്കാതെ വേദാര്‍ത്ഥമെഴുതിയാല്‍ അനര്‍ത്ഥമാകും ഫലം.

വേദപ്രയുക്തമായ ദേവാതാ നാമങ്ങളും പുരാണകഥകളും തമ്മില്‍ എന്തെങ്കിലും ബന്ധം എവിടെയെങ്കിലുമുണ്ടോ? അതോ പുരാണ കഥാകാരന്മാരുടെ അതിഭാവുകത്വം നിറഞ്ഞ നാട്യവേഷമാണോ ദേവതകള്‍? വേദങ്ങളിലെ ദേവതകള്‍ക്ക്‌ പുരാണകഥാകാരന്മാര്‍ നല്‍കിയ രൂപഭാവങ്ങള്‍ എന്തര്‍ത്ഥത്തിലാണ്‌?
ഉദാഹരണമായി ഗണിപതിയെ എടുക്കാം. പൗരാണിക ഗണപതിയുടെ രൂപമെന്തായിരുന്നു. ശിവനും പാര്‍വതിയും ആനയുടെ രൂപമെടുത്ത്‌ വനത്തില്‍ ക്രീഡിക്കുമ്പോഴാണ്‌ ഗണപതിയുണ്ടായതെന്ന്‌ ഒരു കഥയുണ്ട്‌. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ്‌ ഗണപതിയുണ്ടായതെന്ന്‌ മറ്റൊരു കഥയും നിലവിലുണ്ട്‌. ഗണപതിയുടെ ആകാരവും സവിശേഷതകളും കൂടി പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്‌.
വിനായകന്‍, വിഘ്നരാജന്‍, ഗജാനന്‍, ഏകദന്തന്‍, ഹേംബരന്‍, ആഖുരഥന്‍, ലംബോധരന്‍ എന്നിവയുടെ പര്യായമാണെന്ന്‌ അമരകോശം പറയുന്നു. എന്നാല്‍ ശബ്ദ കല്‍പദ്രുമകാരന്റെ അഭിപ്രായത്തില്‍ സിന്ദൂരാഭം, ത്രിനേത്രം, രക്തവസ്ത്രാങ്ഗരാഗം എന്നിങ്ങനെ ഗണപതിയെ വിശേഷിപ്പിക്കുന്നുണ്ട്‌. സിന്ദൂരത്തിന്റെ ശോഭയുള്ള നിറമെന്നും മൂന്ന്‌ കണ്ണ്‌ എന്നും ചെന്നിറമുള്ള വസ്ത്രം ധരിച്ച മനോഹരന്‍ എന്നൊക്കെയാണ്‌ ഇതിന്റെ അര്‍ത്ഥം. എല്ലാറ്റിലുമുപരി സുബ്രഹ്മണ്യന്റെ സഹോദരനുമാണ്‌ ഗണപതി.

ഋഗ്വേദം രണ്ടാം മണ്ഡലത്തില്‍ ബൃഹസ്പതി കവിയും ഗണപതിയുമാണെന്ന്‌ പറയുന്നുണ്ട്‌. വിദ്യയുടെയും ബുദ്ധിയുടെയും ദേവനായി ഗണപതിയെ കണ്ടുവരുന്നു. വേദവാണിയുടെ അധിപതിയെന്നാണ്‌ ബ്രഹ്മസ്പതിയുടെ അര്‍ത്ഥം. ഋഗ്വേദത്തില്‍ പറയുന്ന ബ്രഹ്മണസ്പതിയുടെ ബൃഹസ്പദിയും പര്യായങ്ങളാണ്‌. ഗണപതി കവിമാരില്‍ ഏറ്റവും ശ്രേഷ്ഠവാനാണെന്ന്‌ ഋഗ്വേദത്തില്‍ പറയുന്നു.
‘ഗണപതേ ഗണേഷു ത്വാമാഹുര്‍ വിപ്രമതം കവീനാമ്‌’

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഒന്ന്‌ വ്യക്തമാണ്‌. വേദവാണിയുടെ അധിപതി പരമപിതാവായ ഈശ്വരനാണെന്ന്‌ ആര്‍ഷമതം. വേദം മാതാവാണെന്ന്‌ വേദവാണിയുണ്ട്‌.

‘സ്തുതാമായാവരദാവേദമാതാ’ എന്ന അഥര്‍വ്വവേദമന്ത്രം ഓര്‍ക്കുക. ഇവിടെ ആര്‍ഷമതവും വേദവാണിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അക്ഷരമാണ്‌ പ്രണവം. ഓംകാരവും ഇതുതന്നെ. ഈ ഓങ്കാരത്തെ ബീജാക്ഷരമെന്നും അക്ഷരബീജമെന്നും വിളിക്കുന്നു. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌ ഗണേശവിഗ്രഹം. ഗണേശവിഗ്രഹത്തിനും ഓംകാരത്തിനും തമ്മിലുള്ള സാദൃശ്യമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
സത്തായ ഒന്നിനെ പല പേരുകളിട്ട്‌ വിളിക്കുന്ന സമ്പ്രദായം വൈദികമാണ്‌. ‘ഏകം സദ്വിപ്രാ ബഹുധാ വദന്തി’ ബ്രഹ്മണസ്പതിയും, ബൃഹസ്പദിയും, ഗണേശനും എല്ലാം ഒരേ ഈശ്വരന്റെ പര്യായങ്ങളാണെന്ന്‌ ഇത്രയും പറഞ്ഞതില്‍ നിന്ന്‌ വ്യക്തമാണല്ലോ

No comments:

Post a Comment