Saturday, November 29, 2014

നിലവിളക്കിലെ തിരി

നിലവിളക്കിലെ തിരി

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.
വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങൾ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാൻ.
കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊളുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment